മീനമാസത്തെ പൂവോര്‍മ്മകളുമായി പൂരം കടന്ന് വിഷുവെത്തുന്നു—-

തളിപ്പറമ്പ്: ദൂരെ നിന്ന് കാറ്റിനൊപ്പം മെല്ലെ വന്ന് അടുത്തെത്തി ആര്‍ത്തിരമ്പുന്ന ചെണ്ടമേളത്തോടൊപ്പം കാവിലമ്മയുടെ തിരുവായുധവുമായി എത്തുന്ന വെളിച്ചപ്പാടും, കാമനും, പൂരടയും പുതുമയിലും പഴമയായി നമ്മുടെ മനസിലുണ്ട്.

ഗുണം വരുത്തും പൈതങ്ങളേ എന്ന് മൊഴിഞ്ഞ് കാല്‍ച്ചിലമ്പും തിരുവായുധവുമായി അനുഗ്രഹം ചൊരിഞ്ഞ് വെളിച്ചപ്പാട് ഉറയുമ്പോള്‍ ദൈവമേ എന്ന് ഒരുള്‍വിളി പതിവാണ്.

കുഭം കഴിഞ്ഞ് മീനം തുടങ്ങുമ്പോള്‍ വടക്കേ മലബാറില്‍ പൂരക്കാലമാവുന്നു.

പൂരത്തോടൊപ്പം വിഷുവും–പുല്ലാനിപ്പൂപ്പടര്‍പ്പുകളെ ഉപേക്ഷിച്ച് പൊന്നുവെക്കേണ്ടിടത്ത് പൂവെക്കാന്‍ സര്‍ണനിറമുള്ള കണിക്കൊന്ന തേടുന്ന നമ്മളെ അറിഞ്ഞ് അതിനുമുമ്പേ തന്നെ കൊന്ന പൂത്തിരിക്കും.

കടുത്ത മീനവെയിലില്‍ മഞ്ഞയുടെ മേലേരി കൂട്ടിയതുപോലെ കണിക്കൊന്നകള്‍– ആഘോഷങ്ങള്‍ക്ക് മലയാളി മനസില്‍ പൂക്കളുമായി ബന്ധിപ്പിക്കുന്ന നിരവധി കഥകളുണ്ട്.

വേനല്‍പൂക്കളുടെ വസന്തകാലമാണ് മീനമാസം.
കടുത്ത മീന വേനലില്‍ നാട്ടിന്‍പുറങ്ങളിലും പുഴയോരങ്ങളിലും വയല്‍ വരമ്പുകളിലും ചെങ്കല്‍പ്പാറപരപ്പുകളിലെല്ലാം വിവിധ നിറങ്ങളില്‍– ചെടികളിലും വള്ളികളിലും വലുപ്പച്ചെറുപ്പമില്ലാതെ മറ്റ് നിരവധി മരങ്ങളിലും പൂക്കള്‍ നിറയുന്നു.

ചെമ്പകം, പാല, മുരിക്ക്, പുല്ലാനി(നരയന്‍) ഇരൂള്‍, ആലം, നീര്‍മാതളം, കായാമ്പൂ, കണിക്കൊന്ന, വാക എന്നിവയിലെല്ലാം പൂക്കള്‍ നിറയും. പൂരത്തിന് പൂവിടാന്‍ പാലയും, മുരിക്കും, ചെമ്പകവും, നരയന്‍ പൂവും, കുമുദിന്‍ പൂവും എടുക്കും.

കണിക്കൊന്നയില്ലെങ്കില്‍ വിഷുവില്ല, കൊറോണക്കാലത്ത് ലോകം നിശ്ചലമായിരിക്കുമ്പോളും പ്രകൃതി അതിന്റെ കടമകള്‍ അനസ്യൂതം മാറ്റമില്ലാതെ തുടരുന്നു, പ്രകൃതിക്ക് ഒരുതരത്തിലുള്ള കോവിഡും കൊറോണയും ബാധിക്കുന്നില്ല.

നിരവധി മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിട്ടുള്ള നടുവില്‍ സ്വദേശിയും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ എ.വി.പ്രകാശന്റെ കാമറയില്‍ പതിഞ്ഞ മീനമാസപ്പൂക്കളാണ് പൂരം-വിഷു പൂവോര്‍മ്മകളായി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!