മതില്‍ ഇടിഞ്ഞുവീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്ന പരാതിയില്‍ എതിര്‍കക്ഷിയുടെ സ്വത്ത് ജപ്തിചെയ്ത് ലേലം നടത്തി മതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവ്

തളിപ്പറമ്പ്: മതില്‍ ഇടിഞ്ഞുവീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുകയോ, സുരക്ഷിതമായി മതില്‍ കെട്ടി നല്‍കുകയോ ചെയ്യാത്ത സംഭവത്തില്‍ ഉത്തരവ് അനുസരിക്കാതിരുന്ന എതിര്‍കക്ഷിയുടെ സ്വത്ത് ജപ്തിചെയ്ത് ലേലം നടത്തി മതില്‍ നിര്‍മ്മിക്കാന്‍ തളിപ്പറമ്പ് സബ്കളക്ടര്‍ എസ്.ഇലക്യ ഉത്തരവിട്ടു.

തളിപ്പറമ്പ് ചിറവക്കിലെ അക്കിപ്പറമ്പത്ത് ശാന്തകുമാരി, എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ശ്രീശൈലത്തില്‍ അരുണ്‍ ഭാസ്‌ക്കര്‍ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. ഇവരുടെ അയല്‍ക്കാരനായ തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കാഞ്ചാലിലെ സ്ട്രീറ്റ് നമ്പര്‍ ആറില്‍ ടി.കെ.അബ്ദുള്‍ നിസാറിനെതിരെയാണ് ഉത്തരവ്.

അബ്ദുള്‍നിസാറിന്റെ സ്ഥലത്തെ മതില്‍ കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുവീണ് ഇരുവരുടേയും വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സുരക്ഷിതമായ മതില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഇരുവരും സബ്കളക്ടര്‍ മുമ്പാകെ പരാതി നല്‍കിയിരുന്നു.

ഈ വിഷയത്തില്‍ ക്രിമിനല്‍ നടപടി ചട്ടം 133, 138 എന്നിവ പ്രകാരം സബ്കളക്ടര്‍ ഉത്തരവ് നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന് കാണിച്ച് അപേക്ഷകര്‍ വീണ്ടും നല്‍കിയ പരാതിയിലാണ് അബ്ദുള്‍ നിസാറിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 188 പ്രകാരം കേസെടുക്കാനും വസ്തുവകകള്‍ ജപ്തിചെയ്ത് ലഭിക്കുന്ന പണം സ്വരൂപിച്ച് മതില്‍ നിര്‍മ്മിക്കാനും തളിപ്പറമ്പ് തഹസില്‍ദാറെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!