തോട്ടില്‍ മാലിന്യം തളളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ച് പോലീസിലേല്‍പ്പിച്ചു. ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ് : തോട്ടില്‍ മാലിന്യം തളളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചു. കുറുമാത്തൂര്‍ പഞ്ചാത്ത് അധികാരികളുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ ഇ.ടി.സി ക്കു സമീപത്തെ തോട്ടില്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കിയ ഗാര്‍ഹിക മാലിന്യങ്ങള്‍ തളളാനെത്തിയ രണ്ടുപേരെ വാഹനം സഹിതം നാട്ടുകാര്‍ പിടികൂടിയത്.

കരിമ്പം ഫാം തൊഴിലാളികളാണ് ആദ്യം മാലിന്യം തളളുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ച് ഫാം അധികാരികളും പഞ്ചായത്ത് അധികാരികളും നാട്ടുകാരും സ്ഥലത്തെത്തി.

കരിമ്പം ഫാമിനകത്ത്കൂടി ഒഴുകി കരിമ്പം പുഴയില്‍ ചേരുന്ന തോട്ടില്‍ തളളിയ മാലിന്യം തിരികെയെടുപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയെങ്കിലും ഡ്രൈവറായ താഴെ ചൊറുക്കള സ്വദേശി ഉമ്മര്‍ ബാക്കി മാലിന്യങ്ങള്‍ കൂടി കയറ്റാന്‍ മറ്റൊരു വണ്ടി കൂട്ടി വരാമെന്നു പറഞ്ഞ് മുങ്ങുകയായിരുന്നു.

പഞ്ചായത്ത് അധികാരികള്‍ അറിയിച്ചതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് രക്ഷപ്പെട്ട ഉമ്മറിന്റെ കൂടെയുണ്ടായിനുന്ന അവരക്കല്‍ വീട്ടില്‍ അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തു.

പോലീസിന്റെ സാന്നിധ്യത്തില്‍ മാലിന്യങ്ങള്‍ കയറ്റിയ സ്ഥലത്തു തന്നെ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മറവു ചെയ്തു. തോട്ടില്‍ ബാക്കിയുളള മാലിന്യം ഇതേ രീതിയില്‍ മറവുചെയ്യും. ഇതിനുളള ചെലവും പൊതുസ്ഥലത്ത് മാലിന്യം തളളിയതിനുളള പിഴയും കുറുമാത്തൂര്‍ പഞ്ചായത്തില്‍ താമസക്കാരായ ഉമ്മര്‍ അബ്ദുല്ല എന്നിവരില്‍ നിന്നും ഈടാക്കും.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളുന്നതിനെതിരെ കര്‍ശന ശിക്ഷാനടപടിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികാരികള്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് പാതയോരശുചീകരണമെന്ന പേരില്‍ പഞ്ചായത്ത് ബൃഹത്ത് ശുചീകരണ യജ്ഞം നടത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം സംസ്ഥാന പാതയോരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുതുതായി മാലിന്യം തളളുന്നതിനെതിരെ ജാഗ്രതപാലിച്ചു വരികയായിരുന്നു.

ഇന്നലെ മാലിന്യം തളളുന്നവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനയത് മാലിന്യം തളളലിനെതിരെ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുളള ജനപിന്തുണയായി കാണുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ പറഞ്ഞു.

പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുല്ലയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!