വയനാട് സംഭവത്തിന്റെ പേരില്‍ പാമ്പുകളെ തല്ലിക്കൊല്ലുന്നതിനെതിരെ വന്യ ജീവി സംരക്ഷണ കൂട്ടായ്മ

തളിപ്പറമ്പ്: വയനാട് സംഭവത്തിന്റെ പേരില്‍ വിഷപ്പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും ഒരു പോലെ തല്ലിക്കൊല്ലുന്നതിനെതിരെ വന്യ ജീവി സംരക്ഷണ കൂട്ടായ്മ രംഗത്ത്.

സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ വേണ്ടത്ര ശുചീകരണമില്ലാത്തതിനാല്‍ എലികള്‍ പെറ്റു പെരുകുന്നതാണ് അവയെ ഭക്ഷിക്കാന്‍ പാമ്പുകളെത്താന്‍ കാരണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്ന ഒരു സ്ഥലത്തും പാമ്പുകള്‍ അധിവസിക്കില്ല.

ഇരതേടിയെത്തുന്ന പാമ്പുകള്‍ പൊത്തുകള്‍ കണ്ടെത്തി അവിടെ താമസമാക്കുകയാണ്. ഷഹല മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെങ്കിലും ഈയൊരു സംഭവത്തിന്റെ പേരില്‍ പാമ്പുകളെ നിഷ്‌ക്കരുണം കൊലചെയ്യുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് വേദനാജനകമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പാമ്പ് ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാമ്പു സ്‌നേഹികളുടെ ഏറെ വര്‍ഷത്തെ ശ്രമഫലമായി പാമ്പുകളോടുള്ള മനുഷ്യന്റെ സമീപനം ഏറെക്കുറെ മാറിയിരുന്നു. പാമ്പുകളെ ഭയമില്ലാതെ സമീപിക്കാനും എവിടെ വെച്ചു അവയെ പിടിച്ചാലും അവയുടെ ആവാസവ്യവസ്ഥയിലേക്കു തന്നെ തിരിച്ചയക്കുന്നതും സമീപകാലം വരെയുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിനു ശേഷം വിഷമില്ലാത്ത പാമ്പുകളെ പോലും വ്യാപകമായി തല്ലി കൊല്ലുന്നു. വിഷമുള്ളവയെയും വിഷമില്ലാത്തവയെയും വേര്‍തിരിച്ചറിയാനാകാതെ നിഷ്‌ക്കരുണം ഇവയെ കൊല ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ ബോധം കാരണമാണ്.

ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ നല്ല രീതിയിലുള്ള ബോധവത്ക്കരണം ഉണ്ടായേ തീരൂ. അതിന് സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് തുടങ്ങണം ഇതിനുള്ള ശ്രമം. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ഇന്ന് സജീവമായി നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം ബോധവത്ക്കരണ ശ്രമങ്ങള്‍ക്ക് ഏറെ വേഗത്തില്‍ മനുഷ്യമനസിലേക്ക് കടന്നു ചെല്ലാന്‍ സാധിക്കും.

അതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. നമ്മുടെ ആവാസവ്യവസ്ഥയില്‍ എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും തുല്യ സ്ഥാനമാണ് ഉള്ളതെന്ന ബോധം ഏവര്‍ക്കും ഉണ്ടാകണമെന്നും ഇത് സംബന്ധിച്ച ബോധവല്‍ക്കരണത്തിന് വന്യ ജീവി സംരക്ഷണ കൂട്ടായ്മ സജീവമായി രംഗത്തിറങ്ങുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

എവിടെയെങ്കിലും പാമ്പുകള്‍ ഉണ്ടെങ്കില്‍ 9633547101, 9495186663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കണ്ണൂര്‍ പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ മനോജ് കെ. മാധവന്‍, ഷൈജിത് പുതിയപുരയില്‍, റാപിഡ് റെസ്‌പോണ്‍സ് ടീം അംഗം നിധീഷ് ചാലോട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!