തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി.
കോവിഡ്-19 എന്ന മഹാമാരി ലോകം മുഴുവന്‍ അതിവേഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുഭിക്ഷവും സമൃദ്ധവുമായ കേരളം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധപ്പെടുത്തുന്നതിനായി ചേപ്പറമ്പ് ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളാണ് ‘കരുതല്‍’ എന്ന പേരില്‍ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമ നിര്‍മ്മിച്ചത്.

ഇതിന്റെ ഓണ്‍ലൈന്‍ പ്രകാശനകര്‍മം സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വ്വഹിച്ചു.
‘മാഷെ ഒരു സംശയം- എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഗോകുല്‍ കണ്ണാവില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുതല്‍.
ചിത്രത്തിന്റെ കഥയും തിരക്കഥയും സഹസംവിധാനവും രാജേഷ് മാസ്റ്റര്‍ ചേപ്പറമ്പും ക്യാമറ നിഖില്‍ തേക്കുംകൂട്ടവുമാണ് നിര്‍വ്വഹിച്ചത്.
സദാനന്ദന് ചേപ്പറമ്പ് നായകനായി എത്തുന്ന ചിത്രത്തില്‍ ചേപ്പറമ്പ് ഗ്രാമവാസികളായ രാജേഷ് മാസ്റ്റര്‍, വിനോദ് ചേപ്പറമ്പ്, കല്യാണി പ്രാട്ടൂര്, രേഖ മോഹനന് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
എല്ലാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്ന ഇന്നത്തെ പുതിയതലമുറക്ക് മഹാമാരി നല്കിയ തിരിച്ചറിവാണ് ചിത്രത്തിന്റെ പ്രമേയം.
